The New Stuff

1180 Views

ശബരിമല കാനന പാതയിലെ മാലിന്യ നിർമ്മാർജ്ജനത്തിനു പോയ, ഇരിങ്ങാലക്കുട പടിയൂർ സ്വദേശി ഉൾപ്പെടുന്ന സംഘത്തിന്റെ അനുഭവം


2018 ജനുവരി 27, 28

സ്വാമി ശരണം…

മണ്ഡല കാലത്തിനു ശേഷം ശരണ മന്ത്രങ്ങൾ നിലച്ച പമ്പയിൽ പോകാൻ സാധിച്ചു. GON ഗ്രൂപ്പിലെ അജിത് ഭായിയുടെ നേതൃത്വത്തിൽ ആണ് വിജനമായ, നിശബ്ദമായ പമ്പയിൽ എത്തിയത്. ലക്ഷ്യം വേറൊന്നുമല്ല പ്ലാസ്റ്റിക് നീക്കം ചെയ്യണം കാനന പാതയായ വലിയാനവട്ടത്തു നിന്നും കരിമലയിൽ നിന്നും മൃഗങ്ങൾ പ്ലാസ്റ്റിക് തിന്നാൻ തുടങ്ങിയത്രേ… തിന്നാലും എത്രത്തോളം തിന്നും ആ ഭാവമായിരുന്നു മനസ്സിൽ….

പിറ്റേന്ന് രാവിലെ 10 മണിയോടെ പമ്പയിൽ നിന്നും വലിയാനവട്ടം വഴി കരിമലക്ക് യാത്ര ആരംഭിച്ചു ഈ കാനന പാതയിൽ കൂടി ഞാൻ ഏകദേശം പത്തോളം തവണ വന്നിട്ടുണ്ട് മണ്ഡലകാലത്തു പക്ഷെ ആ അവസ്ഥ ആയിരുന്നില്ല ഇപ്പോൾ. ശരിക്കും ഭയാനകമായ അവസ്ഥ ആനകൾ അർമാദിച്ചു നടക്കുന്ന കാട്.

ഞങ്ങൾ മൊത്തം പതിനഞ്ചു പേർ ഉണ്ടായിരുന്നു ഇതിൽ ഏറ്റവും സാഹസികമായതു കൂടെ 5 സ്ത്രീ സാന്നിധ്യവും ഉണ്ടായിരുന്നു എന്നുള്ളതാണ്. 3 പേർ പാലക്കാട് നിന്നും ഒരാൾ കോഴിക്കോട് നിന്നും ഒരാൾ മാവേലിക്കരയിൽ നിന്നും.. കൂടാതെ ഫോറസ്റ്റ് ഡിപ്പാർട്മെന്റിലെ രണ്ടു സ്റ്റാഫും വലിയാനവട്ടത്തു ഏറുമാടത്തിൽ ഇരുന്ന 3 കച്ചവടക്കാരും.. ഇവർ അവരുടെ കടകൾ ഇരുന്ന സ്ഥലങ്ങൾ ക്ലീൻ ചെയ്യാൻ വന്നതായിരുന്നു അവരും ഞങ്ങളോടൊപ്പം കൂടി…. ശനിയാഴ്ച ഞങ്ങൾ പമ്പയിൽ എത്തിയപ്പോൾ മുതൽ ഞങ്ങളുടെ കൂടെ കൂടി കരിമലയിലും വന്ന് തിരിച്ചു പമ്പയിൽ വരെ കൂടെ വന്ന ഒരു പട്ടി ശരിക്കും ഞെട്ടിച്ചു കളഞ്ഞു… ഇവനും ഫുൾ ടൈം ഒപ്പം ഉണ്ടാരുന്നു.

ചെറിയാനാവട്ടത്തുള്ള സീവേജ് പ്ലാന്റിൽ എത്തിയപ്പോഴേക്കും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നു കൂടിയ അവസ്ഥ, മുഴുവൻ ആന പിണ്ഡങ്ങളും. തലേ ദിവസം ആനകൾ പ്ലാസ്റ്റിക് തിന്നുന്നു, മൃഗങ്ങൾ പ്ലാസ്റ്റിക് തിന്നുന്നു എന്ന് പറഞ്ഞപ്പോൾ വലിയ കാര്യമാക്കാതിരുന്ന ഞാൻ ഞെട്ടിപ്പോയി ആന പിണ്ഡങ്ങളിലെ പ്ലാസ്റ്റിക് കണ്ടപ്പോൾ.. ഒരു ആനപ്പിണ്ടം പോലും പ്ലാസ്റ്റിക് ഇല്ലാതെയുള്ള അവസ്ഥയിൽ ഇല്ല. കൂടുതലും മിഠായി കടലാസുകൾ അച്ചാർ പാക്കറ്റുകൾ. പ്ലാസ്റ്റിക് മാത്രമല്ല കറുത്ത മുണ്ടും ജട്ടികളും വരെ…

വലിയാനവട്ടത്തേക്കു, അഥവാ ആനകളുടെ വിഹാര സ്ഥലത്തേക്ക് പോകും തോറും വഴി മുഴുവൻ ആവി പറക്കുന്നതും പഴയതുമായ പിണ്ഡങ്ങൾ. സത്യത്തിൽ ഇത് കണ്ടു പേടിക്കേണ്ട ഞങ്ങൾക്ക് ശരിക്കും മനസ്സ് തകർന്നു പോയി… ഞാൻ ഉൾപ്പെടുന്ന അയ്യപ്പ വിശ്വാസികൾ കാണിച്ച പ്രോക്രിത്തരത്തിന്റെ ഫലം.
ഇവിടെ ഒക്കെ പ്ലാസ്റ്റിക് നിറഞ്ഞു കിടക്കുന്നു…. സൈഡിൽ കൂടി ഒഴുകുന്ന പമ്പയുടെ ഓരങ്ങളിലും ഇതേ അവസ്ഥ… വലിയാന വട്ടത്തു നിന്നും കരിമലക്കുള്ള കയറ്റം ശരിക്കും കഠിനം തന്നെയാണ്.. ഒരു വിധത്തിൽ സമയമെടുത്ത് ഏകദേശം മുക്കാൽ ഭാഗത്തോളം എത്തി അപ്പോൾ കരിമലയിൽ ഡ്യൂട്ടി ഉണ്ടായിരുന്ന രണ്ടു ഉദ്യോഗസ്ഥർ താഴേക്കു വന്നു, മുകളിലേക്ക് പോകേണ്ടന്നും അവിടെ ഇപ്പോൾ ആനകൾ കുട്ടികൾ സഹിതം മേഞ്ഞു നടക്കുവാണെന്നും പറഞ്ഞു,, കൂടുതൽ റിസ്ക് എടുത്തില്ല അവിടെ നിന്നും പ്ലാസ്റ്റിക് പെറുക്കൽ ആരംഭിച്ചു.

കരിമലയിലെ ചെറിയ നടപ്പാതയുടെ ഒരു സൈഡ് നല്ല താഴ്ചയാണ് മറ്റേ സൈഡ് നല്ല കയറ്റവും രണ്ടു സൈഡിലും അയ്യപ്പന്മാർ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകളും കുപ്പികളും, ഏറ്റവും പ്രശ്നമായി തോന്നിയത് നിസ്സാരമായി കളയുന്ന മിഠായി കടലാസുകളാണ് പെറുക്കാനും പാടാണ് മൃഗങ്ങൾക്കു ഇഷ്ടവുമാണ്.

നാല് മണി വരെ ക്ലീനിങ് നടത്താനാരുന്നു പ്ലാൻ. പക്ഷെ ഒന്നര ആയപ്പോഴേക്കും ആന ശല്യം രൂക്ഷ മാകാനുള്ള ലക്ഷണങ്ങൾ കാണാൻ തുടങ്ങി ക്ലീനിങ് നിർത്തി ഇറങ്ങാൻ തീരുമാനിച്ചു…

പെറുക്കി ചാക്കിലാക്കിയ മാലിന്യങ്ങൾ താഴെ എത്തിക്കണം, അടുത്ത പ്രശ്നം. പക്ഷെ കൂടെ വന്ന മൂന്നു ചേട്ടന്മാർ സഹായിച്ചു കുറെ ചാക്കുകൾ ഒരുമിച്ചു കെട്ടി തലയിൽ ചുമന്നു താഴെ എത്തിച്ചു. ഞങ്ങളും എടുത്തു രണ്ടെണ്ണം വീതം. ചാക്കും ചുമന്നു കരിമല ഇറങ്ങുക എന്ന് പറഞ്ഞാൽ അതി കഠിനം.
ഏകദേശം അറുപതോളം ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ അവിടെ നിന്നും നീക്കാൻ സാധിച്ചു പക്ഷെ കാട്ടിലെ മാലിന്യത്തിന്റെ അവസ്ഥ വച്ച് ഒന്നുമല്ല നിസ്സാരം. പത്തോളം പ്രാവശ്യം ഈ വഴികളിൽ കൂടി നടന്നു പോയിട്ടുള്ള ഞാൻ അറിഞ്ഞോ അറിയാതെയോ ഇട്ട പ്ലാസ്റ്റിക്കുകൾ ഈ പാവം മൃഗങ്ങൾ തിന്നു മരണ കാരണം ആയിട്ടുണ്ടല്ലോ എന്നോർത്തപ്പോൾ ശരിക്കും അങ്ങിനെ നടന്നു അയ്യപ്പനെകണ്ടത് വെറുതെ ആയല്ലോ എന്ന് തോന്നി…

തിരിച്ചു വരുന്ന വഴി കച്ചവട ചേട്ടന്മാരുടെ ക്ഷണം സ്വീകരിച്ചു അവരുടെ ഏറുമാടത്തിൽ കയറി അഞ്ചു പേർക്ക് കിടക്കാൻ സൗകര്യമുള്ള ഏറുമാടം, സന്ധ്യ മയങ്ങിയാൽ പത്തിരുപതു ആനകൾ ഇവിടെ കിടന്നു വിലാസമെന്നും ഉറങ്ങാൻ സമ്മതിക്കില്ലെന്നും ഒരു ചേട്ടൻ പറഞ്ഞു അത്രയും കേട്ടപ്പോൾ ഒരു ദിവസം രാത്രി ഇതിനു മുകളിൽ തങ്ങാൻ സാധിക്കാൻ പറ്റാത്ത മോഹം തോന്നി.
ഈ ഒരു അവസരം ഒരുക്കി തന്ന ഞങ്ങളുടെ ചങ്ക് ബ്രോ അജിത് ഭായിക്ക് ചക്കര ഉമ്മ, ശനിയാഴ്ച രാത്രി ഒരു മണി ആയപ്പോളും ഞങ്ങളുടെ കൂടെ ഇരിക്കുകയും ഒരു ചെറിയ ക്ലാസ് എടുത്തു തരികയും തങ്ങാനും ആഹാരത്തിനും ഉള്ള എല്ലാ സൗകര്യവും വളരെ നല്ല രീതിയിൽ ചെയ്തു തന്ന Deputy Range Forest Officer Lithesh Thankappan സാറിനും ജോൺസൺ സാറിനും മണിക്കുട്ടൻ സാറിനും നന്ദി അറിയിക്കുന്നു..

ജീവിതത്തിൽ ആദ്യമായി ആണ് വണ്ടിക്കു മുൻപിൽ കാട്ടാനയെ കാണുന്നത്, ശനിയാഴ്ച രാത്രിപതിനൊന്നര ആയിക്കാണും പമ്പ എത്തുന്നതിനു ഒരു കിലോമീറ്റർ മുൻപ് വണ്ടിക്കുമുന്പിൽ ആന ഒരു ചിന്നം വിളിയും ഞെട്ടിയെങ്കിലും ജീപ്പ് പെട്ടെന്ന് ഓടിച്ചു കളം വിട്ടു.
ആനയെ കണ്ട സന്തോഷം പങ്കു വച്ചപ്പോളാണ് ദുഖകരമായ വാർത്ത ഓഫീസർമാർ പറഞ്ഞത് വലിയാനവട്ടത്തു പമ്പയിൽ ഒരാനയുടെ ജഡം…. ഞായറാഴ്ച തിരിച്ചു വരാൻ നേരത്ത് ഓഫീസർ പറഞ്ഞു പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണ കാരണം അമിതമായി പ്ലാസ്റ്റിക് ഉള്ളിൽ ചെന്നത് ആണെന്ന്… പത്ര വാർത്തയും കണ്ടു.

നമ്മുടെ സംസ്ഥാന മൃഗമെന്നു വിഷേശണമുള്ള ആനകൾ അയ്യപ്പൻറെ പൂങ്കാവനത്തിൽ പ്ലാസ്റ്റിക് തിന്നു ചരിയുമ്പോൾ വൃതമെടുത്തു കാടും മലയും താണ്ടി പ്ലാസ്റ്റിക് വലിച്ചെറിഞ്ഞു പതിനെട്ടു പടിയും ചവിട്ടി അയ്യനെ കണ്ടാൽ മോക്ഷം കിട്ടുമോ എന്നതിൽ സംശയിക്കേണ്ടിയിരിക്കുന്നു!!!
എല്ലാ മാസവും അയ്യപ്പനെ കാണാൻ പോകുന്ന പതിനായിരക്കണക്കിന് ആളുകൾ ഉണ്ട്. കുറെ പേരെ എനിക്കും അറിയാം. ദയവായി ഒരു ദിവസം കൂടുതൽ നിന്ന് ഈ ഫോറെസ്റ്റുകാരുടെ കൂടെ പ്ലാസ്റ്റിക് നീക്കം ചെയ്യാൻ സഹായിക്കുക… ഏതു മോക്ഷത്തിനാണോ അയ്യനെ കാണാൻ പോകുന്നത്, അതിന്റെ കൂടെ ജീവജാലങ്ങളെയും പ്രകൃതിയെയും സംരക്ഷിച്ച സംതൃപിതിയും കിട്ടും …

കോടി കണക്കിന് രൂപ വരുമാനം കിട്ടുന്ന ദേവസ്വം ബോർഡ് അതിൽ ഒരംശം ചിലവാക്കിയാൽ ഈ പ്രശ്നം തീരും, തീർക്കാം…പക്ഷെ ആവശ്യം ഇല്ല.. ഈ കാശിനായി മുറവിളി കൂട്ടുന്ന ആരും തെന്നെ ഇത് കാണുന്നില്ല…
നാട്ടിൽ ആനപ്രേമികൾ എന്ന് പറഞ്ഞു നടക്കുന്ന കേമന്മാരും ആനയുടെ മൂന്നു നേരത്തെ ആഹാരത്തിനു മെനു ഉണ്ടാക്കി കൊടുക്കുന്ന മൃഗ സംരക്ഷകരും പ്ലാസ്റ്റിക് തിന്നു പ്ലാസ്റ്റിക് പിണ്ടമിട്ടു നടക്കുന്ന ആനകളെക്കുറിച്ചു അറിയുന്നില്ല… ചരിയുന്ന ആനകളെക്കുറിച്ചും അറിയുന്നില്ല….

ലേഖനം : പ്രഭുൽ എസ് ഇരവിനല്ലൂർ
കടപ്പാട് : Team GON & Team GreenCap
നന്ദി : താഹ, പടിയൂർ

പ്ലാസ്റ്റിക്ക് ഭക്ഷിക്കുന്ന മൃഗങ്ങളുടെ വേദനയും ബുദ്ധിമുട്ടും നാം മനസ്സിലാക്കണം. നമ്മൾ പൊന്നോമനയായി ലാളിച്ചു വളർത്തുന്ന മൃഗങ്ങൾക്ക് ചെറിയൊരു ബുദ്ധിമുട്ട് വന്നാൽ നമുക്കും വേദനിക്കും. അതുപോലെ തന്നെയാണ് കാടിന്റെ മക്കളായ അവർക്കും. നാം അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും വസ്ത്രങ്ങളും ഹാനികരമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. കറുപ്പുടുത്തു മലചവിട്ടുന്ന ഓരോ അയ്യപ്പന്മാരും ശ്രദ്ധിക്കണം, അയ്യന്റെ പൂങ്കാവനത്തിന്റെ ഭംഗി നഷ്ടപ്പെടുത്താതിരിക്കാൻ. ഭഗവാന് ഈ പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളും പ്രിയപ്പെട്ടതാണ്. ഇനി മുതൽ കാനനവാസനായ അയ്യനെ കാണാൻ ചെല്ലുമ്പോൾ കാടറിഞ്ഞു മലചവിട്ടണം…

_ Team MyIJK _

 

Recently Published

»

ശ്രീകൂടൽമാണിക്യം ഉത്സവം 2019

കഴിഞ്ഞവർഷത്തെപ്പോലെ 2019ലെ ...

»

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മൈ ഐ ജെ കെ ചാരിറ്റി & ...

»

പക്ഷികൾക്ക് ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബും MyIJK കൂട്ടായ്മയും

...

»

MyIJK Charity & Social Welfare Association ഓഫിസ് ഉത്ഘാടനം

MyIJK Charity & Social Welfare Association ഓഫിസ് ...

»

MyIJK ഓഫിസ് ഉദ്ഘാടനവും ‘ഫീഡ് എ ഫാമിലി’ പദ്ധതി മൂന്നാം വാർഷികവും.

മൂന്ന് വർഷത്തോളമായി ...

»

MyIJK യുടെയും ജനത ഫാർമസി ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു

മൈ ഇരിങ്ങാലക്കുട ...

»

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് MyIJK _ ജനത ഫാർമസി ഇരിങ്ങാലക്കുട

മൈ ഇരിങ്ങാലക്കുട ...

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...