The New Stuff

692 Views

ശ്രീ കൂടല്‍മാണിക്യ ക്ഷേത്രവും കീഴേടങ്ങളും


ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴേടങ്ങളായി പന്ത്രണ്ട് ക്ഷേത്രങ്ങളാണ് നിലവിലുള്ളത്.

ഉളിയന്നൂര്‍ മഹാദേവക്ഷേത്രം

ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍നിന്നും പടിഞ്ഞാറോട്ടു നോക്കിയാല്‍ പെരിയാര്‍ ഇരുകരകളും നീട്ടി വാരിപ്പുണരുന്ന ഒരു കൊച്ചുഗ്രാമം കാണാം. അതാണ് ഉളിയന്നൂര്‍ ഗ്രാമം. ഉളിയന്റെ – തച്ചന്റെ ഊര് – ഉളിയന്നൂര് – ചരിത്രപ്രസിദ്ധനായ പെരുന്തച്ചന്റെ ഊരാണിത്. ഉന്നതകുലജാതനും മഹാപണ്ഡിതനുമായ വരരുചിക്ക് ഒരു പറയസ്ത്രീയില്‍ ജനിച്ച പന്ത്രണ്ടു മക്കളില്‍ ഒരാളാണ് ഉളിയന്നൂര്‍ തച്ചന്‍. ”പറയിപെറ്റ പന്തിരുകുലം” എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ.
ഇന്നു മാടത്തിലപ്പന്റെ എന്നറിയപ്പെടുന്ന ശിവക്ഷേത്രമായിരുന്നു ഉളിയന്നൂരിലെ ആദ്യത്തെ പ്രധാന ക്ഷേത്രം. പരശുരാമന്‍ പ്രതിഷ്ഠിച്ച 108 ശിവാലയങ്ങളില്‍ ഒന്നത്രേ ഇത്. അതിവിസ്തൃതമായ മതില്‍ക്കെട്ട്, ആനപ്പന്തല്‍, ധ്വജപ്രതിഷ്ഠ എന്നു വേണ്ട എല്ലാംതികഞ്ഞ അതിഗംഭീരമായ ഒരു ക്ഷേത്രമായിരുന്നു ഇത് എന്നതിനു വേണ്ടത്ര തെളിവുകള്‍ ഉണ്ട്.
ഭട്ടതിരിമാരും നമ്പൂതിരിമാരും തമ്മില്‍ ഊരാണ്മക്കായി കലഹം സര്‍വ്വസാധാരണമായിരുന്നു. കലഹം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. നമ്പൂതിരിമാര്‍ക്ക് അമ്പലത്തില്‍ പോവാനും പോവാതിരിക്കുവാനും ബുദ്ധിമുട്ടായി. അവര്‍ പെരുന്തച്ചനെ കണ്ട് ക്ഷേത്രത്തിനു തൊട്ടു വടക്കുവശത്തായി പുതിയ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. അതാണ് ഇപ്പോഴത്തെ ഉളിയന്നൂര്‍ മഹാദേവക്ഷേത്രം എന്നു പറയപ്പെടുന്നു.
ഉളിയന്നൂരില്‍ ഇപ്പോള്‍ മൂന്ന് പ്രധാന ക്ഷേത്രങ്ങളാണ് ഉള്ളത്. 1. മാടത്തിലപ്പന്‍, 2 ഉളിയന്നൂരപ്പന്‍, 3. ശ്രീ മഹാഗണപതി. ഇതില്‍ മാടത്തിലപ്പന്‍ എന്ന് പറയപ്പെടുന്നത് ശിവക്ഷേത്രമാണ്. ഇന്ത്യയില്‍ത്തന്നെ ഇത്രവലിയ ശിവലിംഗം വേറെയില്ലന്ന് ഇവിടം സന്ദര്‍ശിച്ച പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു.
ഇപ്പോഴത്തെ മഹാക്ഷേത്രം നമ്പൂതിരിമാരുടെ ആവശ്യപ്രകാരം നിര്‍മ്മിച്ചതാണ് എന്നു പറഞ്ഞുവല്ലോ. ഇവിടെ പത്ത് ഊരാണ്മക്കാരാണ് ഉണ്ടായിരുന്നത്. അതില്‍ കാരമംഗലം, ചാലമ്മന, പല്ലേരി, പപ്പട എന്നീ നാല് ഇല്ലക്കാര്‍ ഒഴിച്ച് ബാക്കി 6 പേരും അവരുടെ അവകാശം കൂടല്‍മാണിക്യത്തിനു വിട്ടുകൊടുത്തു. അങ്ങിനെയാണ് കൂടല്‍മാണിക്യം രംഗത്ത് വന്നത്.
ഇവിടുത്തെ പ്രധാനപ്പെട്ട ഉത്സവങ്ങള്‍ വൃശ്ചികമാസത്തിലെ അഷ്ടമി, മകരമാസത്തിലെ പത്തുദിവസത്തെ ഉത്സവം, വിഷു എന്നിവയാണ്. ഇതിനു പുറമെ കംഭമാസത്തില്‍ 30 ദിവസം ഗംഭീരമായി വാരവും നടത്താറുണ്ടായിരുന്നു. വൃശ്ചികമാസത്തില്‍ അസ്തമയത്തിന് അഷ്ടമിയുള്ള ദിവസമാണ് ഇവിടെ അഷ്ടമിയായി ആഘോഷിക്കുന്നത്. ഇത് ചാലമന ഇല്ലക്കാരുടെ പ്രത്യേക അവകാശമാണ്.
ഉത്സവം പത്തു ദിവസമാണ്. മകരമാസത്തിലെ തിരുവാതിര ആറാട്ടു വരത്തക്കവണ്ണം കൊടികയരും. പത്തുദിവസത്തെ അഹസ്സ് പത്ത് ഊരാണ്മക്കാരുടെ അവകാശമാണ്. ഇവിടുത്തെ പ്രധാന വഴിപാടുകള്‍ ധാര, കളഭം, പുഷ്പാഞ്ജലി, പുറകില്‍ വിളക്ക് എന്നിവയാണ്.
ശിവനേയും ശ്രീപാര്‍വ്വതിയേയും ഒരേ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിട്ടുള്ള അപൂര്‍വ്വക്ഷേത്രങ്ങളില്‍ ഒന്നാണിത്. അതിമനോഹരമായ പാര്‍വ്വതി വിഗ്രഹം ശില്പകലാചാതുരിയുടെ ഉത്തമദൃഷ്ടാന്തമാണ്. പ്രായം കഴിഞ്ഞിട്ടും വിവാഹമാകാതെ നില്‍ക്കുന്ന കന്യകമാരുടെ അഭയസ്ഥാനമാണ് പാര്‍വ്വതി. സോമവാരവ്രതം അനുഷ്ഠിച്ച് പട്ടും താലിയും ചാര്‍ത്തി സ്വയംവര പുഷ്പഞ്ജലി നടത്തി ഇഷ്ടവരപ്രാപ്തി നേടിയ അനേകം കുലസ്ത്രീകളുടെ കഥ ഇതിനു ദൃഷ്ടാന്തമാണ്.
മാടത്തിലപ്പന്റെ തെക്കുഭാഗത്തായിട്ടാണ് ഗണപതി അമ്പലം. ഗണപതി പ്രതിഷ്ഠയല്ല, സ്വയംഭൂവാണ്. ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരത്ഭുത പ്രതിഭാസമാണ് ഗണപതി വിഗ്രഹം. ആദ്യകാലത്ത് ഗണപതി ശിവന്റെ അമ്പലത്തില്‍ തിടപ്പിള്ളിയിലായിരുന്നു. അത് പൂജ കഴിഞ്ഞാല്‍ ചിരട്ട കൊണ്ട് മൂടിവയ്ക്കുകയാണ് പതിവ്‌. ഒരു ദിവസം ഗണപതിക്കായി ഉണ്ടാക്കിയ അപ്പത്തിന്റെ ഒരു കഷണം ശിവന് ഉപരിനിവേദ്യമായി വെച്ചു. ഇത് മൂപ്പര്‍ക്ക് തീരെ പിടിച്ചില്ല. അച്ഛന്റെ അടുക്കലിരുന്നതു കൊണ്ടാണ് തന്റെ പങ്ക് നഷ്ടപ്പെട്ടത്. പിണങ്ങിപ്പോന്ന് ഇവിടെ ഇരുന്നതാണത്രേ. എന്തായാലും വിഗ്രഹം വളരുന്നുണ്ട് എന്നതില്‍ സംശയമില്ല. നിത്യസന്ദര്‍ശകരായ നാട്ടുകാര്‍ക്ക് ഇത് ബോധ്യമാണ്. അപ്പം ആണ് പ്രധാന വഴിപാട്. ഇത് ഇപ്പോഴും പതിവായിട്ടുണ്ട്. അപ്പം വഴിപാട് നേര്‍ന്നാല്‍ നടക്കാത്ത കാര്യമില്ല. അടുത്തകാലം വരെ ‘ഉദയാസ്തമയം’ എന്നൊരു വഴിപാട് നടത്താറുണ്ട്. ഉദയം മുതല്‍ അസ്തമയം വരെ അപ്പം ഉണ്ടാക്കുകയും നിവേദിക്കുകയും ചെയ്യുക. 12 കൂട് അപ്പമാണ് ഇതിനു വേണ്ടത്. ചെലവ് കൂടിയ ഈ വഴിപാട് ഇപ്പോള്‍ കാണാറില്ല.
പൊന്മല ശിവക്ഷേത്രം

കൂടല്‍മാണിക്യം ദേവസ്വം കീഴേടം ആളൂര്‍ പൊന്മല ശിവക്ഷേത്രത്തിന് ആയിരത്തിലധികം കൊല്ലം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു.
അര്‍ജ്ജുനന് പാശുപതാസ്ത്രം കൊടുക്കുവാന്‍ ഒരുങ്ങിനില്‍ക്കുന്ന പ്രസന്നവദനനായ കിരാതമൂര്‍ത്തിയായി അഭീഷ്ടവരദനായി ഭക്തരെ അനുഗ്രഹിക്കുവാന്‍ തയ്യാറായി പൊന്മലയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ആരാധിക്കുന്നവര്‍ക്ക് വിശ്വാസത്തിനനുസരിച്ച് തക്ക പ്രതിഫലം കിട്ടുമെന്നാണ് വിശ്വാസം.
മനോഹരവും വിശാലവുമായ കുന്നിന്‍മുകളില്‍ പാറക്കൂട്ടത്തിനിടയില്‍ പ്രകൃത്യായുള്ള ഒരു ‘കൊക്കറണി’ വിശ്വാസമില്ലാത്തവരേയും അത്ഭുതപ്പെടുത്തുന്നു. കുന്നിനു താഴെയുള്ള കിണറുകളില്‍ വെള്ളം കിട്ടാതെ വലയുമ്പോള്‍ ഏതു വേനലിലും വറ്റാത്ത ഈ തീര്‍ത്ഥക്കുളത്തില്‍ നിന്നാണ് ക്ഷേത്രാവശ്യത്തിനുള്ള വെള്ളം മുക്കിയെടുക്കുന്നത്.
പൊന്മലയുടെ അടിയില്‍ മുഴുവന്‍ സ്വര്‍ണ്ണമാണെന്നാണ് വിശ്വാസം. ശിവന്റെ സ്വത്ത് പണ്ടാരോ എടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടെന്നും അതിന് ശ്രമിച്ചതിന്റെ പേരില്‍ ദോഷമനുഭവപ്പെട്ടെന്നും പറയപ്പെടുന്നു.

 

ആളൂര്‍ തിരുത്തി മഹാവിഷ്ണുക്ഷേത്രം

തൃശ്ശൂര്‍ ജില്ലയില്‍ കേച്ചേരിയില്‍നിന്ന് 4 കി.മീറ്റര്‍ തെക്കുപടിഞ്ഞാറു ഭാഗത്തായി കണ്ണാണിശ്ശേരി പഞ്ചായത്തില്‍പെട്ട തിരുത്തി എന്ന കൊച്ചുഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ശ്രീകൂടല്‍മാണിക്യം കീഴേടമായ തിരുത്തി മഹാവിഷ്ണുക്ഷേത്രം.
സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഒരു യതീശ്വരനു പ്രത്യക്ഷീഭവിച്ച ദേവനാണെന്നും ദേശാഭിവൃദ്ധിക്കായി അദ്ദേഹം തന്നെ പ്രതിഷ്ഠാദികര്‍മ്മങ്ങള്‍ നടത്തിയെന്നും തദ്ദേശവാസികളായ ബ്രാഹ്മണകുടുംബാഗങ്ങളെ ക്ഷേത്രേശന്മാരായി നിശ്ചയിച്ചുവെന്നും പറയുന്നു. പില്‍ക്കാലത്ത് ക്ഷേത്രേശന്മാര്‍ തമ്മിലുള്ള ചേരിപ്പോര് ക്ഷേത്രത്തിന്റെ ദുരവസ്ഥയ്ക്കു കാരണമായിത്തീര്‍ന്നു. ഇതിനെത്തുടര്‍ന്നാണ് ക്ഷേത്രവും ക്ഷേത്രംവക സ്വത്തുക്കളും ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിലേക്കു സമര്‍പ്പിക്കപ്പെട്ടത്. ഉപപ്രതിഷ്ഠകളായി ഇപ്പോള്‍ നാഗയക്ഷി, നാഗരാജാവ്, ഗണപതി, അയ്യപ്പന്‍, ഭദ്രകാളി എന്നിവരുണ്ട്.
ഈ ദേവനെ വിധിപൂര്‍വ്വം ഭജിക്കുന്ന ഭക്തര്‍ക്ക് സര്‍വ്വാഭീഷ്ടസിദ്ധിയുണ്ടാകുന്നതാണ്.

 

ആളൂര്‍ക്കാവ് ഭഗവതിക്ഷേത്രം

ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴേടമായ ആളൂര്‍ക്കാവ് ഭഗവതീക്ഷേത്രം തലപ്പിള്ളി താലൂക്കില്‍ ആളൂര്‍ വില്ലേജില്‍ കാഴക്കാളൂര്‍ ദേശത്ത് സ്ഥിതിചെയ്യുന്നു. കാഴക്കാളൂര്‍ ദേശമാകട്ടെ മൂന്നു ഭാഗവും വിസ്തൃതമായ നെല്‍പ്പാടവും പടിഞ്ഞാറു ഭാഗത്തുകൂടി വടക്കാഞ്ചേരി പുഴയും ഒഴുകുന്നു. കുറച്ചു വീടുകള്‍ മാത്രമുള്ള പ്രദേശമാണ്. ഈ പ്രദേശത്തിന്റെ മദ്ധ്യഭാഗത്താണ് ആളൂര്‍ക്കാവു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൂടല്‍മാണിക്യം ദേവസ്വത്തിന്റേതായി വളരെയധികം ഭൂസ്വത്തുക്കള്‍ ഈ ഭാഗത്തുണ്ടായിരുന്നു. ക്ഷേത്രത്തോടു തൊട്ടുകിടന്ന മറ്റൊരു പറമ്പില്‍ ദേവസ്വം കച്ചേരിയും അതില്‍തന്നെ മേല്‍ക്കൂരയില്ലാത്ത ഒരു ഭദ്രകാളി പ്രതിഷ്ഠയും ഉണ്ട്. വാതില്‍മാടത്തില്‍ ഭഗവതി എന്ന പേരിലാണ് ഈ ഭഗവതി അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തോട് ചേര്‍ന്ന് ഒരു കിണറും തിടപ്പള്ളിയും ഉണ്ടായിരുന്നു.
ആളൂര്‍ക്കാവ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സ്വയംഭൂവായ ദുര്‍ഗ്ഗയുടേതാണ്. വിഗ്രഹത്തിന് പ്രത്യേകിച്ച് രൂപമൊന്നും ഇല്ല. ക്ഷേത്രത്തിനു ചുറ്റുമായി കിടക്കുന്ന ബലിക്കല്ലുകളില്‍നിന്നും ക്ഷേത്രപീഠത്തില്‍ നിന്നും പ്രശ്‌നവശാലും ഈ ക്ഷേത്രത്തിന് ഉദ്ദേശം ആയിരം വര്‍ഷത്തെ പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. വലിയ ബലിക്കല്ല്, സപ്തമാതൃക്കള്‍, ഉപദേവന്മാരായ ശാസ്താവ്, ഗണപതി എന്നീ പ്രതിഷ്ഠകള്‍ എല്ലാം ചേര്‍ന്ന് സപരിവാരപ്രതിഷ്ഠയോടുകൂടിയ ഒരു മഹാക്ഷേത്രമായിരുന്നു ഇതെന്നു പറയപ്പെടുന്നു.
ആളൂര്‍ക്കാവു ക്ഷേത്രത്തില്‍നിന്നും കുറച്ചു കിഴക്കുമാറി ക്ഷേത്രത്തിന്റെ ജലാശയവും (കുളം) ഈ കുളത്തിന്റെ കരയില്‍ ഒരു ഭദ്രകാളീക്ഷേത്രവും ഉണ്ടായിരുന്നതായി പറയുന്നുണ്ട്. ഈ ക്ഷേത്രത്തില്‍ പണ്ടുകാലത്ത് മുടിയേറ്റ് തുടങ്ങി പലതും ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ഇന്ന് ഈ കുളം മുഴുവനും തൂര്‍ന്നുപോയതായിട്ടും ക്ഷേത്രത്തിന്റെ സ്ഥാനത്ത് ഒരു തറ മാത്രം അവശേഷിച്ചതായും കാണുന്നു. സമീപവാസികള്‍ തറയില്‍ വൈകുന്നേരം തിരികൊളുത്തുന്നുണ്ട്.
ക്ഷേത്രം ഏറ്റവും പുരാതനകാലത്ത് ബ്രാഹ്മണാധീനത്തിലായിരുന്നു എന്നും അങ്ങിനെ കുറെക്കാലം കഴിഞ്ഞതിനുശേഷം സുമാര്‍ 500 വര്‍ഷങ്ങള്‍ക്കുമുമ്പ് ഭരണം ദേവസ്വത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു എന്നുമാണ് പറയപ്പെടുന്നത്. ഈ പ്രദേശത്തുണ്ടായിരുന്ന ബ്രാഹ്മണകുടുംങ്ങള്‍ കാലക്രമത്തില്‍ നശിച്ചുപോയി എന്നും അങ്ങിനെ ഒടുവില്‍ അവശേഷിച്ച ഒരാള്‍ ക്ഷേത്രവും സകല സ്വത്തുക്കളും കൂടി ശ്രീകൂടല്‍മാണിക്യം ദേവസ്വത്തില്‍ ഏല്പിച്ച് ദേശാടനത്തിനുപോയി എന്നുമാണ് പറയപ്പെടുന്നത്.
പായ്ക്കരക്കുളങ്ങര ഭഗവതീക്ഷേത്രം

ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജില്‍ തൊയക്കാവ് എന്ന സ്ഥലത്താണ് പ്രസിദ്ധമായ ഈ ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആശ്രിതര്‍ക്ക് കല്‍പ്പവൃക്ഷമായ ദയാമയിയായ ”അമ്മയുടെ”സ്‌നേഹത്തിന് പാത്രീഭൂതരായവര്‍ നിരവധിയാണ്.

 

പോട്ട പാമ്പാന്‍പോട്ട ശിവക്ഷേത്രവും പോട്ട വാതില്‍മാടം ഭഗവതീക്ഷേത്രവും

ഈ രണ്ടു ക്ഷേത്രങ്ങളും ഒരേ ചുറ്റിനകത്താണ് സ്ഥിതിചെയ്യുന്നത്. പ്രധാന പ്രതിഷ്ഠ ശ്രീമഹാദേവനാണ്. ശിവന്റെ വലതുഭാഗത്തായി തിടപ്പള്ളിയുടെ സ്ഥാനത്ത് ദേവന് അഭിമുഖമായിട്ടാണ് വാതില്‍മാടം ഭഗവതിയുടെ പ്രതിഷ്ഠ. ഒരു നമ്പൂതിരി കുടുംത്തില്‍ സന്തതിവിഛേദം വന്ന സമയം വൃദ്ധനായ ആ ബ്രാഹ്മണന്‍ തനിക്കുള്ള സ്വത്തുക്കളെല്ലാം അവിട്ടത്തൂരപ്പന് സമര്‍പ്പിക്കാനായി ഉദ്ദേശിച്ചു പുറപ്പെട്ടെങ്കിലും ‘ദിഗ്ഭ്രമം’ മൂലം വഴിതെറ്റി ഇരിങ്ങാലക്കുട ക്ഷേത്രനടയ്ക്കല്‍ എത്തി സമര്‍പ്പിച്ചു. കാര്യം കഴിഞ്ഞതിനു ശേഷമാണ് സ്ഥലം മാറി എന്നു മനസ്സിലായതെങ്കിലും ‘പോട്ടെ’ എന്നു പറയുകയും അതിനാല്‍ ആ പ്രദേശത്തിന് പോട്ട എന്നു പേരുവീഴുകയും ചെയ്തു. ഈ ക്ഷേത്രം ദിനംപ്രതി അഭിവൃദ്ധിയിലേക്ക് നീങ്ങുകയാണ്. കുംഭമാസത്തില്‍ ഉത്രംനാള്‍ നടത്തപ്പെടുന്ന താലപ്പൊലി ആഘോഷം പ്രസിദ്ധമാണ്.

 

രാപ്പാള്‍ വാതില്‍മാടം ഭഗവതി ക്ഷേത്രം

രാപ്പാള്‍ ദേവസ്വംവക കൊട്ടാരത്തിനു സമീപമാണ് രാപ്പാള്‍ വാതില്‍മാടം ഭഗവതീക്ഷേത്രം. നനദുര്‍ഗ്ഗയായിട്ടാണ് പ്രതിഷ്ഠ. ആറാട്ട് കഴിഞ്ഞ് ഭഗവാന്‍ എഴുന്നള്ളുന്ന സമയം, ഭഗവതിയുടെ മുമ്പിലും ഭഗവാന്റെ മുമ്പിലുമായി നിറയ്ക്കുന്ന പറ വളരെ പ്രധാനപ്പെട്ട വഴിപാടായിട്ടാണ് ഭക്തജനങ്ങള്‍ കണക്കാക്കുന്നത്. ഒന്നിടവിട്ട കൊല്ലങ്ങളിലാണ് ഭഗവാന്‍ ശ്രീസംഗമേശന്‍ ഇവിടെ ആറാട്ടിനെഴുന്നള്ളുന്നത്.
കീഴേടം അയ്യങ്കാവ് ഭഗവതിക്ഷേത്രം

ചേരമാന്‍ പെരുമാളുടെ ഭരണകാലത്ത് കൊച്ചി രാജ്യത്തെ പ്രലനായ നാടുവാഴിയായിരുന്നു അയ്യന്‍ തിരുകണ്ഠന്‍. അയിത്തം തുടങ്ങിയ അനാചാരങ്ങള്‍ കൊടികുത്തി വാണിരുന്ന അക്കാലത്ത് ദളിതനായ ഒരാള്‍ നാടുവാഴിയാകുക എന്നത് നമുക്ക് അസംഭവ്യമായി തോന്നാമെങ്കിലും അതായിരുന്നു വാസ്തവം. രാജാവിനെ പൊന്‍വില്‍ക്കാശുകൊണ്ട് 101 പറ വച്ച് എതിരേറ്റ നാടുവാഴി, തനിക്ക് സമാന്തനായിരുന്നുകൂടാ എന്ന ഗൂഢലക്ഷ്യത്തോടെ രാജാവ് അയ്യന്‍ തിരുകണ്ഠനെ കൊലചെയ്തുവത്രേ.
തിരുകണ്ഠന്റെ കാലശേഷം അദ്ദേഹത്തിന്റെ കുലദേവതയായിരുന്ന ഭഗവതി, നാട്ടുകാര്‍ അയ്യപ്പ പ്രതിഷ്ഠക്കായി തീര്‍ത്ത ശ്രീകോവിലില്‍ പ്രതിഷ്ഠയ്ക്കുമുമ്പുതന്നെ കുടികൊണ്ടുവത്രേ. പ്രസ്തുത അയ്യപ്പന്‍കാവ് ലോപിച്ചാണത്രെ അയ്യങ്കാവ് എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ടത്. ഭഗവതിയോളം പ്രാമുഖ്യം കൊടുത്ത് കുടുംസ്ഥനായ ശാസ്താവിനെ മതില്‍ക്കു പുറത്ത് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. പില്‍ക്കാലത്ത് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം കൂടല്‍മാണിക്യം ദേവസ്വം ഏറ്റെടുത്തു. ഈയടുത്തകാലം വരെ ‘അയ്യന്‍ തിരുകണ്ഠന്‍ വക’ എന്ന് അടയാളപ്പെടുത്തിയ പാത്രങ്ങളും മറ്റും കൂടല്‍മാണിക്യം ദേവസ്വം ഖജനാവില്‍ ഉണ്ടായിരുന്നതായി പൂര്‍വ്വികര്‍ സാക്ഷ്യപ്പെടുത്തുന്നു. വാല്‍ക്കണ്ണാടിയുടെ രൂപത്തിലുള്ള ഈ ദേവിപ്രതിഷ്ഠ, പ്രതിഷ്ഠാ സമയത്തെ ചില പ്രത്യേകതകള്‍ കൊണ്ടാണേ്രത ഭദ്രകാളി സങ്കല്പത്തിലും ശാന്തസ്വരൂപിണിയായി സര്‍വ്വാഭീഷ്ടപ്രദായിനിയായി ഇവിടെ കുടികൊള്ളുന്നത്.
ശ്രീകോവിലിനു തൊട്ടടുത്ത് വിഘ്‌നേശ്വര പ്രതിഷ്ഠയും മതിലിനു പുറത്ത് ശാസ്താവിന്നഭിമുഖമായി ദേവിയുടെ അംശമായ രുധിരമാലയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. മതില്‍ക്കെട്ടിനു വെളിയില്‍ ഈ ക്ഷേത്രത്തിലെ മണ്‍മറഞ്ഞുപോയ കോമരങ്ങളേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രത്തില്‍ മകരമാസത്തില്‍ പൂയം നക്ഷത്രം പ്രതിഷ്ഠാദിനമായും മീനമാസം 1-ാം തിയ്യതി താലപ്പൊലിയും ആഘോഷിച്ചുവരുന്നു.

 

പയക്കര കുളങ്ങര ഭഗവതി ക്ഷേത്രം

കൂടല്‍മാണിക്യം ദേവസ്വം കീഴേടമായ ശ്രീ പയക്കര കുളങ്ങര ഭഗവതിക്ഷേത്രം തൃശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കില്‍ (തൃശൂര്‍ – കാഞ്ഞാണി – ഗുരുവായൂര്‍ റൂട്ടില്‍) വെങ്കിടങ്ങില്‍ നിന്ന് 1മ്മ കി.മീ. പടിഞ്ഞാറു ഭാഗത്തായി തൊയക്കാവ് എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. രാജഭരണകാലത്ത് ശാര്‍ക്കര കോവിലകം വകയായിരുന്ന ക്ഷേത്രം പായക്കര കുടുംബക്കാര്‍ ദേവസ്വത്തിന് കൈമാറ്റം ചെയ്യുകയായിരുന്നു എന്ന് പറയപ്പെടുന്നു. പഴയകാലത്ത് ചാത്തിമാങ്കം നായന്മാരുടെ പരിശീലനസ്ഥലവും ഉപാസനാമൂര്‍ത്തി ഭഗവതിയുമാണെന്ന് ചില ഗ്രന്ഥവരികളില്‍ പരാമര്‍ശിച്ചു കാണുന്നുണ്ട്. ക്ഷേത്രത്തില്‍ ഭദ്രകാളിയാണ് മുഖ്യപ്രതിഷ്ഠ. ഉപദേവനായി അയ്യപ്പന്റെ പ്രതിഷ്ഠയുമുണ്ട്. കൂടാതെ, ദണ്ഠന്‍, നാഗം, യക്ഷി, ഹനുമാന്‍ തുടങ്ങിയവയുമുണ്ട്. മണലൂര്‍ വടക്കേടത്ത് താമരപ്പിള്ളി മനയ്ക്കാണ് ക്ഷേത്രത്തിലെ തന്ത്രാധികാരം. നിത്യനിദാനപൂജകള്‍ക്ക് ദേവസ്വം നിശ്ചയിക്കുന്ന ബ്രാഹ്മണപുരോഹിതര്‍ ശാന്തിപ്രവൃത്തി ചെയ്തുവരുന്നു.
മകരത്തിലെ ഭരണിനക്ഷത്രത്തില്‍ ആണ്ടുത്സവം കൊണ്ടാടുന്നു. എടവത്തിലെ രേവതി പ്രതിഷ്ഠാദിനവും. കൂടാതെ കര്‍ക്കിടകമാസം, മണ്ഡലകാലം തുടങ്ങിയവയും ആചരിച്ചുവരുന്നു.
കാരപ്പൊറ്റ ശിവക്ഷേത്രം, പാലക്കാട്‌

തൃശ്ശൂര്‍ – പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരിയില്‍ നിന്ന് കണ്ണമ്പ്ര വഴി കാരപ്പൊറ്റ ജംങ്ഷനിലെത്തി, 800 മീറ്റര്‍ തെക്കുവശത്തേക്കുളള റോഡിലൂടെ സഞ്ചരിച്ചാല്‍ കാരപ്പൊറ്റ ശിവക്ഷേത്രത്തിലെത്താം. നൂറ്റാണ്ടുകളുടെ പഴക്കമുളള കാരപ്പൊറ്റ ശിവക്ഷേത്രം എത്ര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നിര്‍മ്മിച്ചതെന്ന് കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ല. ക്ഷേത്രത്തിനടുത്തായി കൊരട്ടിമന സ്ഥിതി ചെയ്തിരുന്നുവത്രെ. ഇവരുടെ പൂര്‍വ്വികരാണ് ക്ഷേത്രം നിര്‍മ്മിച്ചതായി കരുതുന്നത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴിലുളളതാണ് ക്ഷേത്രം. ആര്‍. വേലായുധന്‍ പ്രസിഡന്റും സുനില്‍ദത്ത് സെക്രട്ടറിയുമായി 21 അംഗ നാട്ടുകാരുടെ കമ്മിറ്റിക്കാണ് ക്ഷേത്ര ഭരണ ചുമതല.
വട്ടശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമുളള മഹാദേവനെ വരമഹര്‍ഷിയാല്‍ പ്രതിഷ്ഠിക്കപ്പെട്ടതായാണ് ഐതിഹ്യം. നാലമ്പലത്തില്‍ വലതുഭാഗത്ത് ഗണപതിയും ചുറ്റമ്പലത്തില്‍ പൂര്‍ണപുഷ്‌കല സമേതനായ ശാസ്താവ്, നാഗപ്രതിഷ്ഠ എന്നിവയുണ്ട്. ചുറ്റുമതിലിനുളളില്‍ വൃത്താകൃതിയില്‍ കരിങ്കല്ലുകൊണ്ട് കെട്ടി സംരക്ഷിച്ചിരിക്കുന്ന കുളവും പ്രത്യേകതയാണ്. 2008ല്‍ മീനമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് ക്ഷേത്ര പുനരുദ്ധാരണ കുംഭാഭിഷേകം നടന്നത്. തുടര്‍ന്ന് എല്ലാവര്‍ഷവും മൂന്നുദിവസം പ്രതിഷ്ഠാദിന ഉത്സവം കൊണ്ടാടുന്നു. ശിവരാത്രി, കുംഭമാസ ത്തിലെ തിരുവാതിര, കന്നിമാസത്തിലെ ആയില്യപൂജ എന്നിവയാണ് പ്രധാന ക്ഷേത്ര ഉത്സവങ്ങള്‍.
എളനാട് വാതില്‍മാടം ഭഗവതീക്ഷേത്രം

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം കീഴേടം ക്ഷേത്രമായ എളനാട് വാതില്‍മാടം ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇരിങ്ങാലക്കുടയില്‍ നിന്ന് ഏകദേശം 50 കിലോമീറ്ററോളം ദൂരെ തൃശൂര്‍ ജില്ലയുടെ കിഴക്കെ അറ്റത്ത് പാലക്കാട് ജില്ലയോടു ചേര്‍ന്ന് എളനാട് വില്ലേജിലാണ്. ഈ ക്ഷേത്രം പുരാതനകാലം മുതല്‍ ഉള്ളതാകുന്നു. ക്ഷേത്രത്തോടു ചേര്‍ന്ന് മുന്‍വശത്ത് ഒരു വലിയ കുളം സ്ഥിതിചെയ്യുന്നുണ്ട്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വാതില്‍മാടം ഭഗവതിയാണ്. ഭഗവതിയുടെ ശ്രീകോവിലിന് പിന്‍വശത്തായി ഉപദേവന്മാരുടെ ചെറിയ ശ്രീകോവിലുകളും ഉണ്ട്. കന്നിമൂലയില്‍ ഗണപതി, അതിന് പിന്‍വശത്ത് നാഗങ്ങള്‍, പിന്‍വശത്ത് എതിര്‍കോണില്‍ ശിവന്‍, അയ്യപ്പന്‍ എന്നിവരും ഉണ്ട്. പഴയകാലത്ത് ഒരു ശ്രീകോവിലില്‍ ഭഗവതിയും, ഉപദേവന്മാരും ഒന്നിച്ചുള്ള പ്രതിഷ്ഠ ആയിരുന്നു. പിന്നീട് 2013-ല്‍ ഡിസംര്‍മാസം ക്ഷേത്രോദ്ധാരണ സമിതിയുടെയും ഭക്തജനങ്ങളുടെയും സഹകരണത്താല്‍ പഴയ ക്ഷേത്രം പൊളിച്ചുനീക്കി പുതിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു. കൂടല്‍മാണിക്യം ദേവസ്വം ക്ഷേത്രം തന്ത്രി നശരമണ്ണ് ഇല്ലത്തെ ത്രിവിക്രമന്‍ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍ നടത്തിയത്. ഇപ്പോഴും എല്ലാ വര്‍ഷവും പുനഃപ്രതിഷ്ഠാചടങ്ങുകള്‍ അദ്ദേഹത്തിന്റെ കാര്‍മ്മികത്വത്തില്‍ ഗംഭീരമായി ആഘോഷിക്കുന്നുണ്ട്. ഈ ക്ഷേത്രം ഏകദേശം രണ്ടര ഏക്കറോളം വിസ്തൃതിയുണ്ട്. കൂടാതെ ഭഗവതിയുടെ പ്രധാന ഉപദേവന്മാരായ കയറന്‍, മുണ്ട്യേന്‍ എന്നീ രണ്ട് ഉപദേവന്മാര്‍ ഭഗവതിക്ഷേത്രത്തിന്റെ ഇടതുവശത്തായി – ഏകദേശം 500 മീറ്റര്‍ അകലെയായി കിഴക്കുവശത്തും പടിഞ്ഞാറുവശത്തും ചെറിയ ക്ഷേത്രങ്ങളില്‍ സ്ഥിതിചെയ്യുന്നുണ്ട്. പഴയകാലത്ത് എളനാട് വില്ലേജിലെ മിക്ക ഭൂമിയും കൂടല്‍മാണിക്യം ദേവസ്വം ഭൂമിയായിരുന്നു. പാട്ടാവകാശത്തിന് ഇവിടുത്തെ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുകയായിരുന്നു. ഒരു കൊല്ലത്തില്‍ രണ്ട് പ്രാവശ്യം ദേവസ്വം ജീവനക്കാര്‍ ഇവിടെവന്ന് പാട്ടം വാങ്ങിച്ചുപോയിരുന്നു. പില്ക്കാലത്ത് പാട്ടഭൂമി മുഴുവന്‍ കൈവശക്കാര്ക്ക് പതിച്ചുനല്‍കുകയും അതോടുകൂടി പാട്ടാവകാശം ഇല്ലാതാകുകയും ചെയ്തു. ഇവിടെ ഭരതസ്വാമിയുടെ സാന്നിദ്ധ്യം ഉണ്ട് എന്നാണ് പഴമക്കാര്‍ പറയുന്നത്. ക്ഷേത്രത്തിന് പിന്‍വശത്ത് ഒരു കിലോമീറ്റര്‍ അകലെ റിസര്‍വ് ഫോറസ്റ്റില്‍ ഒരു പാറയില്‍ ശംഖ്, ഗദ, ചക്രം, കാല്‍പ്പാദം എന്നിവ കാണാവുന്നതാണ്. എല്ലാ വര്‍ഷവും മേടമാസത്തിലെ അവസാനത്തെ ശനിയാഴ്ച പ്രസ്തുത കാല്പാദത്തില്‍ പൂജാവിധികള്‍ ചെയ്തുപോരുന്നുണ്ട്. മകരമാസം 28-ാം തിയ്യതിയാണ് ഇവിടുത്തെ പ്രധാന ഉത്സവമായ ഉച്ചാരല്‍ താലപ്പൊലി ഗംഭീരമായി ആഘോഷിക്കുന്നത്.
എളനാട് വാതില്‍മാടം ഭഗവതിക്ഷേത്രം കീഴേടമായി തീര്‍ന്നതിനെപ്പറ്റി ഒരൈതിഹ്യം പ്രചാരത്തിലുണ്ട്. കയ്മളവരോധം തുടങ്ങുന്നതിനുംമുമ്പ് ഊരായ്മക്കാരുടെ ഭരണകാലത്ത് സംഭവിച്ചതായി പറയപ്പെടുന്ന കഥയാണിത്. മലാറിലെ ഒരു നായര്‍ പ്രഭുകുടുംത്തിന് സന്തതിയില്ലാതെ വരികയും എന്തോ കാരണത്താല്‍ സ്വജനഹിഷ്‌കരണത്തിന് പാത്രീഭവിക്കയും ചെയ്തു. പ്രായശ്ചിത്തം ചെയ്യാമെന്നും, ഇതിന് പരിഹാരമുണ്ടാക്കണമെന്നും ആ കുടുംബം ചില നമ്പൂതിരിമാരോട് അപേക്ഷിച്ചു. ചിലര്‍ അത് ചെയ്തുതരാമെന്നും, മറ്റുചിലര്‍ ചെയ്യാവുന്നതല്ലെന്നും നിര്‍ദ്ദേശിച്ചു. കൂടല്‍മാണിക്യത്തിന്റെ ഊരായ്മക്കാരില്‍ പ്രധാനി ആയ കൂടല്ലൂര്‍ മൂത്തേടത്ത് നമ്പൂതിരിപ്പാട് മുന്‍കൈ എടുത്തുകൊണ്ട് പ്രായശ്ചിത്തം നടത്തുവാന്‍ തീരുമാനിച്ചു. അവകാശികളില്ലാത്ത അവരുടെ എല്ലാ സ്ഥാവരസ്വത്തുക്കളും കൂടല്‍മാണിക്യം ക്ഷേത്രത്തിന് വഴിപാടായി അര്‍പ്പിച്ചാല്‍ എല്ലാ ദോഷങ്ങളും തീരുമെന്നായിരുന്നു അദ്ദേഹം കണ്ടെത്തിയത്. അതിന്റെ പേരില്‍ ജനസമ്മതി നേടുവാനായി തയിര്‍ കൊണ്ടുവരുവാനും അത് സംഗമേശന് നിവേദിക്കുവാനും പിന്നീടത് ബ്രാഹ്മണര്‍ക്ക് വിളമ്പുവാനും അത്തരത്തില്‍ പതിത്വം അകറ്റാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നായര്‍ കുടുംം ഇത്തരത്തില്‍ പ്രായശ്ചിത്തം നടത്തി അവരുടെ സ്വത്തുക്കള്‍ മുഴുവന് എളനാട് കീഴേടം സ്വത്തുക്കളായി അവശേഷിച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പുത്തിരി ഉത്സവത്തില്‍ ഇവിടെനിന്നും തയിര്‍ കൊണ്ടുവന്ന് നിവേദിക്കുന്ന രീതി നിലനില്‍ക്കുന്നു. നമ്പൂതിരിമാര്‍ക്കിയിലുണ്ടായ അഭിപ്രായവ്യത്യാസം കാരണം രാവിലെ പൂജയ്ക്കുപയോഗപ്പെടുത്തേണ്ട തയിര് അത്താഴപൂജയ്ക്കാണ് ഉപയോഗിക്കുന്നത്. ഇന്നും ഈ പതിവ് തുടരുന്നു. ഇവിടുത്തെ ക്ഷേത്രത്തിന്റെ വാതില്‍മാടത്തിന്റെ ഇരുഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന മണ്ഡപത്തെ വാതില്‍മാടം എന്നു പറയുന്നു. ഈ വാതില്‍മാടത്തെ സങ്കല്പിച്ചുകൊണ്ട് കീഴേടത്തിന്റെ നടുമുറ്റത്ത് ഒരു പ്രതിഷ്ഠ നടത്തി. ഈ പ്രതിഷ്ഠയാണ് വാതില്‍മാടം ഭഗവതി. കൂടല്‍മാണിക്യത്തിലെ തിരുവോണംനാള്‍ അത്താഴപൂജയുടെ പ്രസന്നപൂജയ്ക്ക് നിവേദിപ്പാന്‍ എളനാട്ടുനിന്നും പാടമാളി കൊടുത്തയയ്ക്കുന്ന 4 കുടും തൈര് നിവേദിക്കണം. പുത്തിരി നിവേദിക്കുന്ന ഉപസ്തംഭം വകയ്ക്ക് എളാട് ദേശത്തുനിന്നും പാടമാളി മുളകുമ്പത്തില്‍ കൊടുത്തയയ്ക്കുന് നെയ്യ്, ഇടങ്ങഴി നിവേദിക്കണം. മുക്കുടിക്ക് മരുന്ന് കൊണ്ടുവരുന്ന അവിലമണ്ണ് മൂസ്സിന് എളനാട്ടുനിന്നും 100 പറ നെല്ലു കൊടുത്തുവന്നിരുന്നു.
കയറന്‍, മുണ്ടിയന്‍ എന്നീ രണ്ടു ക്ഷേത്രങ്ങളും എളനാട് ദേശത്തുണ്ട്.
ശ്രീ കൈപ്പംപാടി വിഷ്ണുമഹേശ്വരക്ഷേത്രം

പേരും പെരുമയുമാര്‍ജ്ജിച്ച കേരളീയക്ഷേത്രങ്ങളില്‍ വ്യതിരിക്തമായ ഭാവചൈതന്യത്തോടെ പ്രശോഭിക്കുന്ന ഒന്നാകുന്നു, മലപ്പുറം ജില്ലയിലെ മംഗലം പഞ്ചായത്തിലുള്‍പ്പെടുന്ന കൈപ്പമ്പാടി വിഷ്ണുമഹേശ്വരക്ഷേത്രം. പ്രകൃതിസുഭഗത്വവും ഗ്രാമനൈര്‍മല്യവും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിശാലമായ പുല്‍മൈതാനത്തിന്റെയും ജലാശയത്തിന്റെയും കരയില്‍ സര്‍വ്വലോകമംഗളകാരികളായി വിഷ്ണുമഹേശ്വരന്മാര്‍ തുല്യനിലയില്‍ വര്‍ത്തിക്കുന്നതായി ഇവിടെ നമുക്ക് അനുഭവവേദ്യമാവുന്നു. ലക്ഷ്മീശനായ വിഷ്ണുവും പാര്‍വതീശനായ ശിവനും ഒരേമട്ടില്‍ അഭീഷ്ടവരപ്രദായികളായി പൂര്‍വ്വദിങ്മുഖോന്മുഖരായി ഇരുന്നരുളുന്ന ക്ഷേത്രങ്ങള്‍ ഏറെയില്ലെന്നത് കൈപ്പമ്പാടി ക്ഷേത്രത്തിന്റെ മഹിമയെ പതിന്മടങ്ങ് പ്രകാശി പ്പിക്കുന്നുണ്ട്. സര്‍വ്വപാപഹരണാര്‍ത്ഥമായും സന്തത്യര്‍ത്ഥമായും സമ്പല്‍സമൃദ്ധി പ്രാപ്തിക്കായും ഭക്തജനങ്ങള്‍ നിരന്തരം ആശ്രയിച്ചുപോരുന്ന ദേവസ്ഥാനമാണിവിടം.
മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്നും ആലത്തിയൂര്‍ വഴി പുറത്തൂരിലേക്കുള്ള ബസ്സില്‍ കയറി വള്ളത്തോള്‍ സ്മാരക മന്ദിരത്തിനടുത്ത് ഇറങ്ങിയാല്‍ (ട്രാന്‍സ്ഫോര്‍മര്‍ ബസ്സ് സ്റ്റോപ്പ്) ക്ഷേത്രത്തിലേക്കുള്ള വീഥിയില്‍ എത്തിച്ചേരാവുന്നതാണ്. തിരൂരില്‍ നിന്നും ഏതാണ്ട് ഏഴ് കിലോമീറ്റര്‍ തെക്ക് മാറിയാണ് ക്ഷേത്രം നിലകൊള്ളുന്നത്.
പ്രതിഷ്ഠാ മഹാത്മമ്യം
ഏതാണ്ട് 1200 വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിനുള്ളതായി വിശ്വസിക്കപ്പെടുന്നു. അക്കാലത്ത് വെട്ടത്തു നാട്ടുരാജാവിന്റെ അധീനതയിലുള്‍പ്പെട്ടിരുന്ന ഈ പ്രദേശത്ത് കരംപിരിവിനായി നിയോഗിക്കപ്പെട്ടിരുന്നത് തച്ചുടയകൈമള്‍ എന്ന പ്രമാണിയായിരുന്നു. ഒരിക്കല്‍ കരംപിരിവിനായെത്തിയ അദ്ദേഹം ക്ഷേത്രം നിന്നിരുന്ന സ്ഥലത്ത് പല്ലക്കിലേറി വിശ്രമിക്കാനിടവരികയും പോകാന്‍നേരം പല്ലക്ക് അനങ്ങാതെ വരികയുമുണ്ടായി. പ്രശ്‌നംവച്ചുനോക്കിയപ്പോള്‍ വിഷ്ണുഭഗവാന്റെ സാന്നിധ്യം അവിടെ ഉണ്ടെന്നു വ്യക്തമാവുകയും ശംഖുചക്രഗദാപത്മത്തോടുകൂടിയ ഭഗവാന്റെ വിശ്വരൂപം കൈമള്‍ക്കു സ്വപ്‌നദര്‍ശനമായി ലഭിക്കുകയുമുണ്ടായി. അധികം താമസിയാതെ അദ്ദേഹം അവിടെയൊരു വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച് ആവശ്യമായ വസ്തുവകകള്‍ അതിലേക്കായി നീക്കിവെച്ചു. പ്രശ്‌നവിധിപ്രകാരം ശിവന്റെ സാന്നിധ്യവും അവിടെയുണ്ടെന്ന് പിന്നീട് വ്യക്തമാകുകയാല്‍ തുല്യപ്രാധാന്യത്തോടെ ശിവഭഗവാനും ഒരു മന്ദിരം തൊട്ടടുത്തായി നിര്‍മ്മിക്കുകയാണ് ചെയ്തത്.
കാലക്രമേണ ക്ഷേത്രത്തിലെ സ്വത്തുക്കള്‍ അന്യാധീനപ്പെടുമെന്ന അവസ്ഥ വന്നതോടെ അന്നത്തെ വെട്ടത്തുരാജാവിന്റെ മുഖ്യമന്ത്രിയും നാട്ടുഭരണാധിപനുമായിരുന്ന വള്ളത്തോള്‍ കോന്തി മേനോന്‍ കാര്യക്കാര്‍ അവയെല്ലാം ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തെ ഏല്പിച്ചു. ദേവസ്വം അവ ഏറ്റെടുത്തെങ്കിലും ക്ഷേത്രകാര്യങ്ങള്‍ നിര്‍വിഘ്‌നമായി നടത്തിപ്പോരുന്നതിന് വള്ളേത്താള്‍ കുടുംക്കാരെ തന്നെയാണ് ചുമതലപ്പെടുത്തിയത്. ക്ഷേത്രത്തിന് ചുറ്റുമുള്ള സ്ഥലത്തായിരുന്നു ക്ഷേത്രപൂജാരിയും നമ്പീശനും വാരിയരും കഴകക്കാരും മറ്റും താമസിച്ചിരുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ക്ഷേത്രത്തിലേക്ക് അക്കാലത്ത് നടന്ന് വരുന്നതിനായി നല്ല വീതിയുള്ള ഒരു നടവരമ്പ് ഉണ്ടായിരുന്നു എന്നും പഴമക്കാര്‍ പറയുന്നുണ്ട്. നിര്‍ഭാഗ്യമെന്ന് പറയെട്ടെ, ക്ഷേത്രവും ക്ഷേത്രക്കുളവും അടുത്തുതന്നെയാണെങ്കിലും ഇടയ്ക്കുള്ള സ്ഥലം ഇപ്പോള്‍ ക്ഷേത്രത്തിന്റേതല്ല. ക്ഷേത്രപൂജാരിയും മറ്റും ഇവിടെനിന്ന് സ്ഥലംവിട്ടു പോയപ്പോള്‍ ക്ഷേത്രംവക സ്വത്തുക്കള്‍ അന്യാധീനപ്പെടുകയും അവ പല സ്വകാര്യവ്യക്തികളുടേയും കൈയില്‍ വന്ന് ചേരുകയുമാണുണ്ടായത്. ഇപ്പോള്‍ സ്വകാര്യ വ്യക്തികളുടെ ഔദാര്യത്തിലാണ് ക്ഷേത്രത്തിലേക്ക് വന്ന് പോകുവാനും അതുപോലെ ക്ഷേത്രത്തില്‍നിന്ന് കുളത്തിലേക്ക് ചെല്ലുവാനും സാധ്യമാകുന്നത്.

ഉത്സവങ്ങളും പൂജാവിധികളും

ആവിര്‍ഭവിച്ച കാലംമുതല്‍ക്കേ കൈപ്പമ്പാടി ക്ഷേത്രം വിശ്വാസികളുടെയും ഭക്തജനങ്ങളുടെയും സജീവശ്രദ്ധ ആകര്‍ഷിച്ചുപോന്നിരുന്നു. വൃശ്ചിക മാസത്തില്‍ തിരുവോണനാളില്‍ നടത്തി വന്നിരുന്ന വാരാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി നാനാദേശത്തുനിന്നും ആളുകള്‍ ഇവിടെ എത്തിച്ചേര്‍ന്നിരുന്നതായി പഴമക്കാര്‍ പറയുന്നുണ്ട്. തിരുവാതിരനാളിലെ ആര്‍ദ്രാവ്രതവും ശിവരാത്രിനാളിലെ ഉത്സവവും അഷ്ടമിരോഹിണി ആഘോഷവും കെങ്കേമമായി ഇവിടെ നടത്തിപ്പോന്നു. പ്രദോഷദിനങ്ങളില്‍ ഈ ക്ഷേത്രത്തില്‍ നടത്തിവന്നിരുന്ന പൂജകള്‍ക്ക് സവിശേഷ പ്രാധാന്യമുണ്ടായിരുന്നതായാണ് അനുഭവം. അന്നു പൂജ നടത്തുന്നവര്‍ക്ക് മംഗലപ്രാപ്തിയും സന്തതിലാഭവും യഥാവിധി കൈവരുമെന്നത്രേ വിശ്വാസം.
വിദ്യാരംഭദിവസം ക്ഷേത്രത്തിലെ സരസ്വതിമണ്ഡപത്തില്‍ എഴുത്തിനിരുത്തുന്ന പതിവുമുണ്ടായിരുന്നു. മഹാകവി വള്ളത്തോള്‍ ഉള്‍പ്പെടെ പലരും കൈപ്പമ്പാടി വാരിയത്തെ നാട്ടെഴുത്തച്ഛനില്‍ നിന്നാണ് നിലത്തെഴുത്തഭ്യസിച്ചുവെന്നത് ജീവചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള വസ്തുതയാണ്. ഇങ്ങനെ ചരിത്രപരവും ആദ്ധ്യാത്മികവുമായ പ്രാധാന്യമുള്ള ദിവ്യസങ്കേതമാകുന്നു കൈപ്പമ്പാടി വിഷ്ണുമഹേശ്വരക്ഷേത്രം.

 

Article Credit: Koodalmanikyam Devaswam
Photo Credit: Syam Sathyan

Recently Published

»

ശ്രീകൂടൽമാണിക്യം ഉത്സവം 2019

കഴിഞ്ഞവർഷത്തെപ്പോലെ 2019ലെ ...

»

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മൈ ഐ ജെ കെ ചാരിറ്റി & ...

»

പക്ഷികൾക്ക് ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബും MyIJK കൂട്ടായ്മയും

...

»

MyIJK Charity & Social Welfare Association ഓഫിസ് ഉത്ഘാടനം

MyIJK Charity & Social Welfare Association ഓഫിസ് ...

»

MyIJK ഓഫിസ് ഉദ്ഘാടനവും ‘ഫീഡ് എ ഫാമിലി’ പദ്ധതി മൂന്നാം വാർഷികവും.

മൂന്ന് വർഷത്തോളമായി ...

»

MyIJK യുടെയും ജനത ഫാർമസി ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു

മൈ ഇരിങ്ങാലക്കുട ...

»

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് MyIJK _ ജനത ഫാർമസി ഇരിങ്ങാലക്കുട

മൈ ഇരിങ്ങാലക്കുട ...

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...