The New Stuff

336 Views

കേരളം കണ്ട മഹാപ്രളയത്തിൽ MyIJK യുടെ സഹായ ഹസ്തം


കേരളം കണ്ട മഹാപ്രളയത്തിൽ MyIJK യുടെ സഹായ ഹസ്തം

വളരെ വൈകിയാണ് ഈ പോസ്റ്റ് ഇടുന്നതെന്ന് നല്ലപോലെ അറിയാം. നമുക്ക് ചുറ്റും തെളിമയാർന്ന് ഒഴുകിയിരുന്ന ജലം അതിന്റെ രൗദ്രഭാവം സ്വീകരിച്ച് ചുറ്റുമുള്ളതെല്ലാം പിഴുതെറിഞ്ഞപ്പോൾ സോഷ്യൽമീഡിയകളിൽ വാക്കുകൾ കൊണ്ട് സാന്ത്വനം നൽകാൻ നമ്മൾ ശ്രമിച്ചില്ല, പകരം എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്ന സഹജീവികൾക്ക് ഒരു കൈത്താങ്ങാകാൻ മാത്രമാണ് ശ്രമിച്ചത്.

ഇടുക്കി ഡാം തുറന്ന സമയത്ത് അതിന്റെ സൗന്ദര്യം മതിവരുവോളം ആസ്വദിച്ചപ്പോൾ നമ്മളെയടക്കം ബാധിക്കാൻ പോകുന്ന വലിയൊരു വിപത്തിനു മുൻപുള്ള നയനമനോഹര കാഴ്ചയാണതെന്ന് സ്വപ്നത്തിൽ പോലും കരുതി കാണില്ല. കനത്ത മഴ മൂലം കേരളത്തിലെ മുഴുവൻ ഡാമുകളും തുറന്നു വിടേണ്ടി വന്നു. ഈ സാഹചര്യത്തിൽ പല സ്ഥലങ്ങളിലും ഉരുൾപൊട്ടലും കൂടിയായപ്പോൾ ഈ തലമുറയിലോ കഴിഞ്ഞ തലമുറയിലോ ജനങ്ങൾ കാണാത്ത രീതിയിലുള്ള പ്രളയം നമ്മുടെ കൊച്ചു കേരളത്തെ കീഴടക്കി…

ഇരിങ്ങാലക്കുടയെ സംബന്ധിച്ചിടത്തോളം പട്ടണ പ്രദേശങ്ങളിൽ സാരമായ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ലെങ്കിലും പരിസര പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായി. ഇരിങ്ങാലക്കുടയിൽ നിന്നും പുറത്തു കടക്കാനോ, ഇരിങ്ങാലക്കുടയിലേക്ക് വരാനോ സാധിക്കാത്തവിധം റോഡുകളെല്ലാം വെള്ളത്താൽ ബന്ധിക്കപ്പെട്ടു… തൃശൂർ റോഡിൽ പാലക്കൽ, ആറാട്ടുപുഴ.. കൊടുങ്ങല്ലൂർ റോഡിൽ കരൂപ്പടന്ന.. ചാലക്കുടി റോഡിൽ തൊമ്മാന.. മൂന്നുപീടിക റോഡിൽ ചേലൂർ.. തൃപ്രയാർ റോഡിൽ എടത്തിരുത്തി തുടങ്ങി റോഡുകളിൽ വെള്ളം കയറി കുറച്ചു ദിവസത്തേക്ക് ഇരിങ്ങാലക്കുട ഒരു കൊച്ചു തുരുത്തിന് സമാനമായി മാറി. വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടന്നു. കടകളിൽ അതിവേഗം ആവശ്യവസ്തുക്കൾ തീർന്നു. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയ്ക്കും ക്ഷാമം നേരിട്ടു. ദൈനംദിന ഉപയോഗ വസ്തുക്കൾ ചില കടകളിൽ ലഭ്യമായിരുന്നെങ്കിലും മിതമായ അളവിൽ മാത്രമാണ് നൽകികൊണ്ടിരുന്നത്. എന്തിനേറെ പറയുന്നു, എങ്ങും യുദ്ധ സമാനമായ അവസ്ഥ… പ്രകൃതിയും മനുഷ്യനും തമ്മിലുള്ള യുദ്ധം… നമ്മൾ എല്ലാവരെയും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഈ പ്രളയം ബാധിച്ചിരുന്നു.

തൃശ്ശൂർ ജില്ലയിൽ പ്രളയം ആദ്യം പാഞ്ഞടുത്തത് ചാലക്കുടിക്ക് നേരെയായിരുന്നു. പെരിങ്ങൽകുത്ത് ഡാം നിറഞ്ഞൊഴുകിയപ്പോൾ ചാലക്കുടി പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. ഈ അവസ്ഥയിൽ MyIJK യുടെ പരിമിത മനുഷ്യശേഷി വച്ച് കൊണ്ട് സുമേഷിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ആഗസ്റ്റ് 16 -ന് ചാലക്കുടിയിലെ പല വീടുകളിൽ നിന്നും നിരവധി ആളുകളെ രക്ഷിക്കാൻ കഴിഞ്ഞു. സത്യത്തിൽ നമുക്ക് പരിചയം ഉള്ള മൂന്ന് കുടുംബങ്ങളെ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുവരാൻ വേണ്ടിയായിരുന്നു ചാലക്കുടിയിലേക്കുള്ള യാത്ര. എന്നാൽ, ദിനംപ്രതി തന്റെ ഭാരം താങ്ങിയിരുന്ന ഒരു നഗരം പ്രളയത്തിന്റെ കൈകളിൽ അകപ്പെട്ട് കൈകാലിട്ടടിക്കുമ്പോൾ മനുഷ്യസ്നേഹിയായ ഒരാൾക്കും അത് നോക്കി നിൽക്കാൻ കഴിയില്ലല്ലോ… അതിനു ശേഷമാണ് ഇരിങ്ങാലക്കുടയിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. പടിയൂർ മേഖലകളിൽ വെള്ളം ഉയർന്നതോടുകൂടി ഇരിങ്ങാലക്കുടയിൽ ക്യാമ്പുകൾ തുറന്നു…

ആഗസ്റ്റ് 17 -ന് ദേജാവു ബാൻഡിലെ സുഹൃത്തുക്കളോടൊപ്പം പോത്താനി, പാപ്പാത്തുമുറി മേഖലയിലെ വീടുകളിൽ നിന്നും കഴുത്തോളം വെള്ളത്തിൽ അകപ്പെട്ടിരുന്ന ആളുകളെ അവിടെ നിന്ന് മാറ്റുകയും സമീപവാസികളോട് കാര്യത്തിന്റെ ഗൗരവം പറഞ്ഞുമനസ്സിലാക്കി രാത്രി ഒൻപതരയോടെ ഇവരെ സുരക്ഷിതമായി ക്യാമ്പുകളിൽ എത്തിക്കാനും സാധിച്ചു. ഈ വൈകിയവേളയിൽ ആളുകളെ ക്യാമ്പുകളിൽ എത്തിക്കാനായി സർവ്വീസ് നടത്തിയിരുന്ന ഘണ്ടാകർണൻ ബസ് തകരാറിലായപ്പോൾ ഒരു നിമിഷം പോലും വൈകിക്കാതെ ഒരു സ്കൂൾ ബസ് ഒരുക്കിതന്ന സന്ദീപ് ചേട്ടനെയും സുഹൃത്തുക്കളെയും ഈ നിമിഷം ഓർത്തുപോകുകയാണ്.

ആഗസ്റ്റ് 18-ന് MyIJK യുടെ കൈവശം ഉണ്ടായിരുന്ന വസ്ത്രങ്ങൾ നാഷണൽ സ്‌കൂൾ ക്യാമ്പിൽ എത്തിച്ചു നൽകി. ചേലൂരിലെ അരി സംഭരണ കേന്ദ്രത്തിൽ നിന്നും ലഭിച്ച അരി ശേഖരിച്ച് ആവശ്യമുള്ള ക്യാമ്പുകളിൽ എത്തിച്ചു നൽകി. കൂടാതെ കാട്ടൂർ ക്യാമ്പിലേക്ക് ആവശ്യമുള്ള വസ്ത്രങ്ങളും മറ്റു അവശ്യ സാധനങ്ങളും ക്രൈസ്റ്റിൽ നിന്നും നാഷണൽ സ്കൂളിൽ നിന്നും ശേഖരിച്ചു പോരായ്മയുള്ളവ പുറമെനിന്നും വാങ്ങി രാത്രി 10 മണിയോടെ
ക്യാമ്പിൽ എത്തിച്ചു നൽകി. ഒരു വയനാടൻ യാത്രക്ക് വേണ്ടി 2 മാസങ്ങൾക്ക് മുൻപ് ശേഖരിച്ചതായിരുന്നു ഈ വസ്ത്രങ്ങൾ. അവ നമ്മുടെ പ്രിയപ്പെട്ടവർക്ക് തന്നെ നല്കാൻ കഴിഞ്ഞു. എന്നാലും വിഷമം തോന്നിയ ചില നിമിഷങ്ങൾ ഇവിടെയും ഉണ്ടായിരുന്നു. മറ്റൊരു സംഘത്തിന് വേണ്ടി ശേഖരിച്ച ഈ വസ്ത്രങ്ങൾ സൂക്ഷിച്ച പെട്ടികളിൽ നമ്മുടെ പേരുകൾ രേഖപ്പെടുത്തിയിരുന്നു. ഈ ആലേഖനം ചിലർ തെറ്റായ രീതിയിൽ കണക്കിലെടുക്കാൻ ശ്രമിച്ചിരുന്നു എന്നത് വളരെ വിഷമം ഉണ്ടാക്കിയിരുന്നു. ഒരു ദുരന്തമുഖത്ത് നിൽക്കുന്ന ഈ വേളയിൽ ആധികാരികമായി ഒന്നും തന്നെ ചിന്തിക്കാൻ സാധിച്ചിരുന്നില്ല, അതിനാൽ സംഭവിച്ച ഒരു പിഴവ് എന്ന് വേണമെങ്കിൽ കരുതാം.

ആഗസ്റ്റ് 19 -ന് കാട്ടൂർ ക്യാമ്പിലും സെന്റ് ജോർജ്ജ് സ്കൂൾ ക്യാമ്പിലും ആവശ്യാനുസരണം കുടിവെള്ളം എത്തിച്ചു നൽകി. ഇതിനിടയിൽ പറവൂർ ഭാഗത്ത് കുടുങ്ങി കിടന്നവരെ കൗൺസിലറുമായും മറ്റു വേണ്ടപെട്ടവരായും ബന്ധപ്പെട്ട് അവിടെ നിന്നും ക്യാമ്പുകളിലേക്ക് മാറ്റി. പടിയൂർ ക്യാമ്പ് ആവശ്യത്തിനായി Doxy Cyclin മരുന്നും Rantac മരുന്നും വളണ്ടിയേഴ്സിന് എത്തിച്ചു.

ആഗസ്റ്റ് 20 -ന് മൂന്ന് യൂണിറ്റ് O -ve രക്തം ആവശ്യമെന്ന് ഫോൺ വന്നപ്പോൾ കുറച്ചു നേരത്തേക്ക് എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങിയെങ്കിലും, താമസിയാതെ തന്നെ ആവശ്യമുള്ള രക്തം ജൂബിലി ആശുപത്രിയിലേക്ക് എത്തിക്കാൻ സാധിച്ചു. പെരിങ്ങോട്ടുകരയിൽ നിന്നും ഒരു ഗർഭിണിയായ സ്ത്രീയെ നാഷണൽ ക്യാമ്പിലേക്ക് മാറ്റി. ഇതിനായി 65 കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ടി വന്നു. പലയിടങ്ങളിൽ നിന്നും ലഭിച്ച തുകകൊണ്ട് ബേബി ഫുഡ്, നൂറോളം തോർത്തുകൾ, 400 പേർക്കുള്ള അടിവസ്ത്രങ്ങൾ എന്നിവ വാങ്ങി ബോയ്സ് സ്‌കൂൾ, ഗേൾസ് സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ എത്തിച്ചു. കൂടാതെ ക്രൈസ്റ്റ് കളക്ഷൻ സെന്ററിൽ നിന്നും ലഭിച്ച സാധനങ്ങളും ക്യാമ്പുകളിൽ എത്തിച്ചു. രാത്രിയോടെ പറവൂരിൽ നേരാംവണ്ണം ഭക്ഷണം ലഭിക്കാത്ത ക്യാമ്പിൽ ഭക്ഷണം എത്തിച്ചു കൊടുത്തു.

ആഗസ്റ്റ് 21 -ന് പറവൂർ ക്യാമ്പിൽ വിളിച്ചു അവർക്കുവേണ്ട സാധനങ്ങൾ രാവിലെ തന്നെ എത്തിച്ചുനൽകി. ടോവിനോ തോമസിന്റെ സഹോദരന്റെ സഹായത്തോടെ തയ്യാറാക്കി തന്ന 150 ഭക്ഷണ പൊതികൾ മണ്ണാത്തിക്കുളം റസിഡൻസുകാർക്ക് നൽകി. ഇതിനുപുറമെ ക്രൈസ്റ്റ് കോളേജിൽ നിന്നും മരുന്നുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ ശേഖരിച്ച് നാഷണൽ ഹൈസ്കൂൾ ക്യാമ്പിൽ എത്തിച്ചിരുന്നു.
പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ ബ്ലീച്ചിങ്ങ് പൗഡർ, ക്ലോറിൻ, ഡെറ്റോൾ, ഫിനോയിൽ, ഗംബൂട്ട്, ഗ്ലൗസ്, മാസ്ക് എന്നിവ സേവാഭാരതിയിലെയും മറ്റുള്ള ക്യാമ്പിലെയും വളണ്ടിയർമാക്ക് എത്തിച്ചു കൊടുത്തു. ആവശ്യക്കാരായ കുടുംബങ്ങൾക്കും സ്റ്റോക്ക് അനുസരിച്ച് വിതരണം ചെയ്തു.

ഈ വേളയിൽ ഓർമ്മിക്കേണ്ട ചില ആളുകളും സംഘടനകളും ഉണ്ട്. സാമ്പത്തികമായും മറ്റു അവശ്യവസ്തുക്കളും ക്‌ളീനിംഗ് വസ്തുക്കളും വാങ്ങി നൽകിയ ഇവർക്കെല്ലാം ഈ അവസരത്തിൽ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുകയാണ്.

USA യിലെ മലയാളി അസോസിയേഷൻ MACF(Malayalee Association Central Florida), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ മലയാളി കൂട്ടായ്മ, കോയമ്പത്തൂരിൽ നിന്നും ഓർഡർ ചെയ്ത ഗംബൂട്ടുകൾ ശേഖരിച്ച് സൗജന്യമായി അയച്ചു തന്ന…… MyIJK ഫീഡ് എ ഫാമിലി സ്‌പോൺസർമാർ, തുടങ്ങി സജീവമായി ഒരാഴ്ചയിലധികം രംഗത്തുണ്ടായിരുന്ന MyIJK അംഗങ്ങളായ ഹരിനാഥ് കെ (പ്രസിഡന്റ്), സുമേഷ് കെ നായർ (വൈസ് പ്രസിഡന്റ്), സിജോ പള്ളൻ (ജോയിന്റ് സെക്രെട്ടറി), ഹരികൃഷ്ണൻ, ബിനിൽ, ഡാനി ഡേവിസ്, ശ്രീജിത്ത് സി നായർ, സന്തോഷ് കെ പിഷാരടി, സന്ദീപ്, ശ്രീജിത്ത് കെ ഗോപിനാഥ്, റിൽജ വിവേക്, നിഷ മേനോൻ ടി, രാഹുൽ ടി ആർ എന്നിവർക്കും ദേജാവ് ബാൻഡ് അംഗങ്ങളായ വിഷാൽ വില്യംസ്, വിഷ്ണു വേണുഗോപാൽ, സച്ചു രാജ്, രാഹുൽ വി ആർ എന്നിവർക്കും സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഈ പ്രവർത്തനങ്ങളിലും ഖേദകരമായ കാര്യം എന്തെന്നാൽ MyIJK യുടെ സന്തതസഹചാരികളും പ്രവർത്തകരുമായ രാജേന്ദ്രൻ ചേട്ടൻ, രാഹുൽ എന്നിവരുടെ വീടുകളും MyIJK FAF പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ചില കുടുംബങ്ങളും വെള്ളത്തിൽ മുങ്ങിപോകുകയും ഇവരെയെല്ലാം ക്യാമ്പുകളിലേക്ക് മാറ്റേണ്ട സാഹചര്യവും ഉണ്ടായി. ഇവർക്ക് വേണ്ട പുനരധിവാസ പദ്ധതികളും നടന്നു വരുന്നു.

ഓർമ്മവച്ച നാൾ മുതൽ സ്വരുക്കൂട്ടിയ സമ്പാദ്യങ്ങളെല്ലാം പ്രകൃതി കവർന്നെടുത്തപ്പോൾ ഇനിയെന്ത് എന്നറിയാതെ ശൂന്യതയിലേക്ക് നോക്കി നിന്ന ഒരു കൂട്ടം ജനങ്ങൾ… ഇവർക്ക് വേണ്ട സഹായങ്ങൾ നൽകാൻ നമുക്കോരോരുത്തർക്കും കഴിയും… കഴിയണം….

ഇനിയൊരു പ്രളയം കേരളത്തെ തേടി വരാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ…

Team MyIJK

Recently Published

»

ഇരിങ്ങാലക്കുടയിലെ ആദ്യ ക്രിമിറ്റോറിയം തുറന്നു.

ഇരിങ്ങാലക്കുടയിലെ ആദ്യ ...

»

തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ നിന്നും KSRTC ബസുകൾ പിൻവാങ്ങുന്നു.

2010 ൽ ആരംഭിച്ച ത്യശ്ശൂർ ...

»

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ഇരിങ്ങാലക്കുടയിൽ നാമജപ യാത്രയും റോഡ് ഉപരോധവും

ശബരിമലയിലെ യുവതി ...

»

പ്രണയ സത്യം – കവിത

പ്രണയ സത്യം – ...

»

വന്യജീവി ചിത്രപ്രദർശനം സംഘടിപ്പിച്ചു

വന്യജീവി ...

»

അപകടം പതിയിരിക്കുന്ന ബൈപാസ് റോഡ് ജംക്ഷൻ..

ബൈപാസ് റോഡിൽ മാസ് മൂവീസ് ...

»

തിരുവുള്ളക്കാവ് ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 10-ന്‌ തുടങ്ങും

തിരുവുള്ളക്കാവ് ശ്രീ ധർമ ...

»

എസ്.എൻ.ബി.എസ്. സമാജത്തിന്റെ പൊതുശ്മശാനം മുക്തിസ്ഥാൻ മന്ദിര സമർപ്പണം 14-ന്

എസ്.എൻ.ബി.എസ്. ...

»

കരുവന്നൂർപ്പുഴ ബണ്ട്‌ ഏതുനിമിഷവും തകരാവുന്ന സ്ഥിതിയിൽ

പ്രളയത്തിന്റെ ആഴം ...