The New Stuff

472 Views

History of Kovilakom


കൂടൽമാണിക്യം ക്ഷേത്രത്തിൽ വന്നിട്ടുള്ള ഏവരുടെയും മനസ്സിൽ മായാതെ കിടക്കുന്ന ഒരു കെട്ടിടമുണ്ട്. വടക്കേ ഭാഗത്ത് കലീപിനീ തീർത്ഥത്തിന് അപ്പുറത്ത് തലയുയർത്തി നിൽക്കുന്ന ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് ധാരാളം ജനാലകളുള്ള ഓടിട്ട ഒരു പഴയ മാളിക. ‘കോവിലകം’ എന്ന് പറഞ്ഞു കേട്ടിട്ടുള്ള ആ പഴയ കെട്ടിടത്തിന്റെ ചരിത്രത്തിലേക്ക് നടത്തിയ യാത്രയിൽ കിട്ടിയ കൗതുകകരമായ ചില വിവരങ്ങൾ ഇവിടെ പങ്കുവെക്കട്ടെ.

230 ഓളം വർഷങ്ങൾക്ക് മുൻപ് കൊച്ചി രാജാവായിരുന്ന ‘ശക്തൻ തമ്പുരാൻ’ പണികഴിപ്പിച്ചതാണത്രേ ഈ കോവിലകം. കൊച്ചി രാജ്യത്തെ ഏറ്റവും പ്രധാനമായ ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവം കാണുന്നതിന് രാജകുടുംബാംഗങ്ങൾക്ക് വേണ്ടിയാണ് ഇത് നിർമ്മിച്ചത്. തൃശൂർ പൂരം പേലെത്തന്നെ ശക്തൻ തമ്പുരാനാണത്രേ കടൽമാണിക്യം ക്ഷേത്രത്തിൽ ഇന്നു കാണുന്ന തരത്തിലുള്ള ഉത്സവവും രൂപകൽപ്പന ചെയ്തത്. ഇന്നും അനുവർത്തിച്ച് പോരുന്ന ഉത്സവത്തിന്റെ മേളപ്രമാണങ്ങളുടെ പ്രധാന ശിൽപ്പിയും അദ്ദേഹം തന്നെ. രണ്ട് നടപ്പുരയിലും നടക്കുന്ന പ്രധാന മേളങ്ങളും, വടക്കേ നടയിലെ ചെമ്പട മേളവും ക്ഷേത്രവളപ്പിൽ നിന്ന് എന്നതുപോലെ തന്നെ കോവിലകത്ത് ഇരുന്ന് സസുഖം ആസ്വദിക്കാം.

നാല് വർഷങ്ങളോളം ശക്തൻ തമ്പുരാൻ ഈ കോവിലകത്ത് സ്ഥിരതാമസം ഉണ്ടായിരുന്നു. ഇവിടെ താമസിച്ചു കൊണ്ടാണ് അദ്ദേഹം തൃശ്ശൂരിലെ ശക്തൻ തമ്പുരാൻ കൊട്ടാരം പണി കഴിപ്പിച്ചതും തൃശ്ശൂർ പൂരം രൂപകൽപ്പന ചെയ്തതും എന്ന് പറയപ്പെടുന്നു. അതിനു ശേഷവും അദ്ദേഹത്തിന്റെ അനന്തര തലമുറക്കാർ ഈ കോവിലകത്ത് താമസമുണ്ടായിരുന്നു.

പിന്നീട് കൊച്ചി രാജകുടുംബത്തിന്റെ സ്വത്തുക്കൾ കുടുംബാംഗങ്ങൾക്കിടയിൽ നറുക്കിട്ട് വീതം വയ്ക്കപ്പെട്ടപ്പോൾ, ഇന്നും ഈ കോവിലകത്ത് കുടുംബവുമൊന്നിച്ച് താമസിക്കുന്ന ശ്രീമതി സതീദേവി തമ്പുരാട്ടിക്ക് കോവിലകത്തിന്റെ ഉടമസ്ഥത ലഭിച്ചു. അത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് ഈ കുടുംബം ഇന്നും കാണുന്നത്.

നിർമ്മാണ ശൈലി കൊണ്ടും കോവിലകം അതിശിഷ്ടമാണ്. 16000 ചതുരശ്രഅടി വിസ്ത്തീർണ്ണം ഉണ്ടായിരുന്ന കോവിലകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ഇന്ന് പൊളിച്ച് മാറ്റപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിൽ നിന്ന് കാണാവുന്ന ഭാഗമാണ് പ്രധാനമായി ഇന്നും നിലനിൽകുന്നത്. ക്ഷേത്രത്തിലേക്ക് തുറക്കുന്ന ജനാലകളോടുകൂടിയ വലിയ തളവും, ഒരു മുറിയും, ഇടനാഴിയും അടങ്ങിയതാണ് ഈ ഭാഗം. വാസ്തു പ്രകാരം ക്ഷേത്രത്തിന് തൊട്ടടുത്ത് ഒന്നിൽ കൂടുതൽ നിലകൾ പണിയാൻ സാധിക്കില്ല എന്നതിനാലും, ഇവിടെയിരുന്നാൽ ക്ഷേത്രമതിലിന്റെ തടസ്സമില്ലാതെ ഉത്സവം കാണണം എന്നതിനാലും ഈ ഭാഗത്തിന്റെ തറ (Foundation) എട്ട് അടി ഉയരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ നിന്ന് കാണുമ്പോൾ നമുക്ക് രണ്ട് നിലയുള്ള കെട്ടിടമായി തോന്നുമെങ്കിലും ഫലത്തിൽ Ground floor ൽ ഇരുന്നാണ് രാജകുടുംബാംഗങ്ങൾ ഉത്സവം ദർശിക്കുന്നത്. ഇതിനു സമാനമായ തുറന്ന ബാൽക്കണിയോടു കൂടിയ ഒരുകെട്ടിടം തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലും കാണാൻ സാധിക്കും. കോവിലകത്തിന്റെ ഇന്നത്തെ പ്രധാന വാതിലും, മേൽ വിവരിച്ച കെട്ടിടത്തിനുള്ളിലേക്കുള്ള പടികളും പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്നവയാണ്.

കോവിലകത്തോടു ചേർന്നു കാണുന്ന കുളം, കുലീപിനീതീർത്ഥത്തിന്റെ ഭാഗമായാണ് കരുതപ്പെടുന്നത്. ക്ഷേത്രക്കുളവും ഇതിനോട് ഏതാണ്ട് 50 മീറ്റർ മാറി കാണപ്പെടുന്ന കോവിലകത്തെ കുളവും തമ്മിൽ ഭൂമിക്കടിയിലൂടെ ഒരു ചാൽ ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. ഈ കളത്തിൽ ക്ഷേത്രക്കുളത്തിന് സമാനമായ വെള്ളവും മത്സ്യങ്ങളും ആണ് കാണപ്പെടുന്നത്.

ഭഗവാന്റെ എഴുന്നള്ളത്തും ലക്ഷദീപവും ഈ കുടുംബം ഇന്നും സ്വന്തം വീട്ടിലിരുന്ന് ആസ്വദിക്കുന്നു, ഭഗവാനെ വണങ്ങുന്നു. തീർത്ഥക്കരയിലെ ചെമ്പടയും, ആനകൾ നിരനിരയായി നടന്നു നീങ്ങുന്നതും കോവിലകത്ത് നിന്ന് കാണാനായത് ജന്മപുണ്യമായി, മന:സ്സിൽ മായാത്ത ചിത്രമായി അവശേഷിക്കുന്നു.

Sreejith R Menon

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...